മണ്ണിൽകുമ്മായം ചേർക്കുന്നത് എന്തിനാണ് ?

മണ്ണിന്റെ അമ്ലഗുണം അല്ലെങ്കിൽ ക്ഷാരഗുണം അഥവാ Ph 
(Protection of Hydrogen)
തുല്യമായി ക്രമീകരിക്കാനാണ് കുമ്മായം ചേർക്കുന്നത്. 
കുമ്മായം ചേറി ഒരാഴ്ച 
( 7-15 ദിവസം) യ്ക്ക് ശേഷം കൃഷി ആരംഭിക്കാം.

ചെടികളുടെ വളർച്ചയ്ക്കാവശ്യമായ സസ്യമൂലകങ്ങളിൽ ഒന്നാണു കാത്സ്യം. സസ്യമൂലകം എന്നതിനു പുറമെ മണ്ണിലെ അമ്ലത്വനില ചെടികളുടെ വളർച്ചയ്ക്ക് അനുകൂലമാക്കി നിർത്തുന്നതിനും കാത്സ്യം ഉപകരിക്കുന്നു.

കേരളത്തിലെ മണ്ണ് കൂടുതൽ സ്ഥലങ്ങളിലും അമ്ലസ്വഭാവമുള്ളതാണ്. ഇതുമൂലം കാത്സ്യം ലഭ്യത പരിമിതപ്പെടുന്നു എന്നതിനൊപ്പം മറ്റു മൂലകങ്ങൾ ചെടികൾക്ക് ആഗിരണം ചെയ്യാനാകാതെയും വരുന്നു. ഇത് മണ്ണിന്റെയെന്നതുപോലെ വിളയുടെയും ഉൽപാദനക്ഷമതയെ കുറയ്ക്കുന്നു.

മണ്ണ് അമ്ലഗുണം അല്ലെങ്കിൽ ക്ഷാരഗുണമുള്ളതാകാം. ഇതു രണ്ടും അധികരിക്കാതെ അമ്ലക്ഷാരവിഹീനാവസ്ഥയിലുള്ളതായിരിക്കുമ്പോഴാണ് അത് വിളവുവർധനയ്ക്കു തികച്ചും പര്യാപ്തമായ മാധ്യമമായി നിലകൊള്ളുന്നത്.

നെല്ല്, തെങ്ങ്, കുരുമുളക്, പയർവർഗവിളകൾ, പചക്കറികൾ തുടങ്ങി ഏതാണ്ടെല്ലാ വിളകൾക്കും കാത്സ്യം അടങ്ങിയ വസ്തുക്കൾ ചേർക്കാന്‍ ശുപാർശയുണ്ട്. കാത്സ്യം അടങ്ങിയതും കേരളത്തിൽ ഉപയോഗിച്ചുവരുന്നതുമായ പദാർഥങ്ങളാണ് കക്കാ, നീറ്റുകക്കാ, കുമ്മായം, ഡോളമൈറ്റ് എന്നിവ.

അമ്ലത്വമുള്ള നെൽപാടങ്ങളിൽ ഇരുമ്പ്, അലുമിനിയം എന്നിവയുടെ അളവ് കൂടുതലായിരിക്കും. ഇതുമൂലം ചെടികൾക്ക് സ്ഥൂലമൂലകങ്ങളിലൊന്നായ ഭാവഹത്തിന്റെ ലഭ്യത കുറയുന്നു. മണ്ണുപരിശോധനവഴി അമ്ലത്വനില മനസ്സിലാക്കി കാത്സ്യം ചേർത്താൽ കുറവു പരിഹരിക്കാനാകും.

കേരളത്തിലെ നെൽപ്പാടങ്ങളിൽ ഒരു വിളക്കാലത്ത് ഹെക്ടറിന് 600 കി.ഗ്രാം കുമ്മായം ചേർക്കുന്നതിനാണു ശുപാർശ. ഇത് ചേർക്കേണ്ടതാകട്ടെ രണ്ടു തവണയായും. ആദ്യ ഉഴവിനൊപ്പം 350 കി.ഗ്രാമും വിത അല്ലെങ്കിൽ നടീലിനുശേഷം 250 കി.ഗ്രാമും. ഇങ്ങനെ രണ്ടു തവണകളായി കുമ്മായം ചേർക്കൽ.

കുമ്മായം ചേർത്ത് ഒരാഴ്ച കഴിഞ്ഞുമാത്രമെ രാസവളം ചേർക്കാൻ പാടുള്ളൂ.

തെങ്ങൊന്നിന് ഒരു വർഷം 1 കി.ഗ്രാം. നിരക്കിൽ കുമ്മായമോ ഡോളമൈറ്റോ നൽകണം.
പച്ചക്കറി കൃഷി ചെയ്യുമ്പോൾ ഒരു സെന്റിന് 2 കിലോ കുമ്മായം ഉഴവ് ചാലിൽ ചേറി , ഒരാഴ്ച കഴിഞ്ഞിട്ടേ കൃഷിയിറക്കാവു.

ഇത് കുരുമുളകിനാകുമ്പോൾ കൊടിയൊന്നിന് അര കി.ഗ്രാം തോതിൽ. ഇങ്ങനെ ഓരോ വിളയുടെയും പൊതു ശുപാർശ അല്ലെങ്കിൽ മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ കുമ്മായം ചേർക്കുന്നത് മണ്ണിന്റെയും വിളകളുടെയും ഉൽപാദനക്ഷമത മെച്ചപ്പെടുന്നതാണ്.

ടി.കെ.വിജയൻ
റിട്ട. ഫാം മാനേജർ
കേരള കാർഷിക സർവകലാശാല

Comments

Popular posts from this blog

ഗംഗാ ബോണ്ടം കുള്ളൻ തെങ്ങിൻ തൈകൾ

കൃഷി രീതി: ചേന